മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ ട്രെയിനിൽ സഞ്ചരിക്കവെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
1995 ഏപ്രിൽ 12 ന് ചണ്ഡിഗഡിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി ജയരാജൻ ആക്രമണത്തിനിരയായത്. ഗൂഢാലോചന കുറ്റമാണ് കെ.സുധാകരനെതിരെയുണ്ടായിരുന്നത്. ജലന്തർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം കുടുംബവുമൊത്തു നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇപിക്ക് ട്രെയിനിൽവച്ചു വെടിയേറ്റത്. 1995ലായിരുന്നു സംഭവം.
പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് ഇപി. രാജധാനി എക്‌സ്‌പ്രസിലായിരുന്നു യാത്ര. എസി കാബിനിൽ വാഷ് ബേസിനടുത്തു നിൽക്കുമ്പോഴായിരുന്നു വെടിയേറ്റത്.
ട്രെയിൻ കൊള്ളക്കാരെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് സംഭവം ആസൂത്രിതമായിരുന്നു എന്നു വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ടു പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലയിലായിരുന്നു അന്വേഷണം.
കെ.സുധാകരനും എം.വി.രാഘവനും ആദ്യ പ്രതിപ്പട്ടികയിൽ പെട്ടിരുന്നു. ഇരുവരെയും കേസിൽ നിന്നു പിന്നീട് കോടതി ഒഴിവാക്കുകയായിരുന്നു. കേസിൽ ദിനേശനെ കോടതി ശിക്ഷിച്ചു.
ആന്ധ്രയിലെ കോൺഗ്രസ് നേതൃത്വം അന്വേഷണത്തിൽ നടത്തിയ ഇടപെടലുകളാണു സുധാകരനെയും രാഘവനെയും രക്ഷിച്ചതെന്നു ജയരാജൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു."