പ്രതിഭയുടെ വിയോഗത്തിൽ വികാരാധീനയായി നടി സംഗീത മാധവൻ. മലയാളികൾ ഇന്നും ആഘോഷിക്കുന്ന ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലൂടെ സംഗീതയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് ശ്രീനിവാസനായിരുന്നു.

അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായും ഭാഗ്യമായും കരുതുന്നുവെന്ന് സംഗീത അനുസ്മരിച്ചു. ശ്രീനിവാസൻ എന്ന എഴുത്തുകാരനും സംവിധായകനും തന്റെ ജീവിതത്തിലും കരിയറിലും നൽകിയ വലിയ സ്ഥാനത്തെക്കുറിച്ച് പറയുമ്പോൾ സംഗീതയുടെ വാക്കുകളിൽസംഗീതയുടെ വാക്കുകളിൽ ആദരവും സങ്കടവും നിറഞ്ഞുനിന്നു. 

‘‘ഞാൻ എല്ലാ അഭിമുഖങ്ങളിലും ഒരുപാട് പറഞ്ഞിട്ടുണ്ട്, എനിക്ക് ഇതൊരു അനുഗ്രഹമാണ്. അദ്ദേഹം എന്നെ ഈ പടത്തിലേക്ക് കാസ്റ്റ് ചെയ്തത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു. എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്.

എനിക്ക് പ്രഫഷനൽ ആയി അത്ര വലിയ സ്വപ്നം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ശ്യാമളയ്ക്കു ശേഷം ആ കഥാപാത്രത്തെ മലയാളികൾ സ്വീകരിച്ചതും ആ സിനിമയെആ സിനിമയെ സ്വീകരിച്ചതും കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. വളരെ മഹത്തരമായ അനുഭവം ആയിരുന്നു അത്.ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ ഓർമകൾ എല്ലാം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ശ്യാമളയിൽ വർക്ക് ചെയ്യുമ്പോൾ ഞാൻ അതിന്റെ വില അറിഞ്ഞിരുന്നില്ല. അപ്പോൾ ഞാൻ ഒരുപാട് പടങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയമാണ്, ആ സിനിമകളിൽ ഒന്നുമാത്രമായിരുന്നു എനിക്ക് ശ്യാമള.

പക്ഷേ അത് റിലീസ് ആയി കഴിഞ്ഞ് എനിക്ക് കിട്ടിയ സ്വീകാര്യതയും അംഗീകാരവും ആണ് സിനിമയെക്കുറിച്ചും അതിന്റെ വിലയെ കുറിച്ചും എന്നെ  ബോധവതി ആക്കിയത്. ശ്രീനി സാറിനെ എന്റെ വീട്ടിലെ എല്ലാവർക്കും എനിക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹം സിനിമയ്ക്ക് നൽകിയ സംഭാവനകളും ഒക്കെ വളരെ വലുതാണ്.

 മലയാളത്തിൽ എനിക്ക് ഇത്രയും വലിയ ഒരു സ്വീകാര്യത കിട്ടുമെന്ന് ഞാൻ കരുതിയിരുന്നതല്ല, അതിന് കാരണം അദ്ദേഹമാണ്. എനിക്ക് ദൈവത്തോടും അദ്ദേഹത്തോടും നന്ദിയുണ്ട്. ഇത് ഞാൻ ഒരുപാട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നും എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുള്ള ആളാണ്.

ശ്യാമളയ്ക്കു ശേഷം കുറെ കാലം കഴിഞ്ഞ് ‘ നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി വിളിച്ചപ്പോഴാണ് വീണ്ടും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെയും എന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ സംസാരിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളും സിനിമകളെ കുറിച്ചും ഒക്കെ വ്യക്തിപരമായി ആയിട്ട് ഞങ്ങൾ ഇരുന്നു കുറെ സംസാരിച്ചു. ശ്യാമളയെക്കാളും ഈ പടം ചെയ്യുമ്പോഴാണ് എനിക്ക് അദ്ദേഹത്തെ കുറെ കൂടി കൂടുതൽ മനസ്സിലായതും അദ്ദേഹം എന്റെ കുടുംബാംഗം എന്നുള്ള ഒരു ഫീൽ കിട്ടിയതും. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എന്റെ ദുഃഖം കൂടിയാണ്.’’– സംഗീത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *