ഇന്ത്യ-യുഎസ് ചർച്ചകൾ മികച്ച രീതിയിൽ മുന്നേറുന്നതായി യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. വ്യാപാര കരാറിനായുള്ള ശ്രമങ്ങൾ തുടരുന്നതിനൊപ്പം, വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും അടുത്ത മാസം കൂടിക്കാഴ്ച നടത്തും.
ഇറാൻ വ്യാപാര പങ്കാളികൾക്കുള്ള അധിക തീരുവ ഇന്ത്യയെ ബാധിക്കില്ലെന്നും ആണവോർജ്ജ രംഗത്തെ ‘ശാന്തി’ ബില്ലിനെ യുഎസ് അഭിനന്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആണവോർജ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ‘ശാന്തി’ ബില്ലും പുതിയ വ്യാപാര കരാറുമാണ് ഇന്ത്യ-യുഎസ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. യൂറോപ്യൻ യൂണിയനുമായുള്ള കരാർ അന്തിമഘട്ടത്തിലായിരിക്കെ, അമേരിക്ക തന്നെ മുൻകൈ എടുത്താണ് ഇന്ത്യയുമായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചതായി യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹംപറഞ്ഞു
