പാലക്കാട് പൊല്‍പ്പുള്ളിയിൽ യുവാവിനെ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ. പൊല്‍പ്പുള്ളി സ്വദേശി ശരത് (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യാസഹോദരിയുടെ ഭർത്താവ് പ്രമോദ് കുമാറിനെ (41) ചിറ്റൂർ പോലീസ് പിടികൂടിയത്. വർഷങ്ങളായി അകന്നു കഴിയുന്ന ഭാര്യയുടെ നിർദ്ദേശപ്രകാരം മകനെ സ്കൂളിൽ നിന്നും വിളിക്കാൻ എത്തിയ യുവാവിനെ ഭർത്താവ് പ്രമോദ് കൊലപ്പെടുത്തി.
പൊൽപ്പുള്ളി കെ.വി.എം.യു.പി സ്കൂളിലെ മകനെ വീട്ടിലെത്തിക്കാൻ രാജി ആവശ്യപ്പെട്ടതനുസരിച്ചാണ് ശരത് എത്തിയത്. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
വാക്കുതർക്കത്തിനിടെ പ്രമോദ് ബൈക്കിന്റെ താക്കോൽ കൊണ്ട് ശരത്തിന്റെ കഴുത്തിൽ ആഞ്ഞുകുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന ശരത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലെ ഗുരുതരമായ മുറിവാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
