തിരുവനന്തപുരം∙ മരണാനന്തര അവയവദാനം നടത്തുന്നവർക്കും കുടുംബങ്ങൾക്കും തമിഴ്നാട് മാതൃകയിൽ ആദരവ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് ആലോചന. കലക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സർക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും. ഈ മാറ്റങ്ങൾ വരുന്നതോടെ കേരളത്തിൽ മരണാനന്തര അവയവദാനം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം തീരുമാനമുണ്ടാകും.മരണാനന്തര അവയവദാനത്തിനായി 2012ൽ കേരളത്തിൽ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചതിനുശേഷം നിരവധി കുടുംബങ്ങൾ മസ്തിഷ്ക മരണം സംഭവിച്ച ബന്ധുക്കളുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. അവയവ കച്ചവടം നടക്കുന്നതായുള്ള തെറ്റായ വാർത്തകൾ വന്നതോടെ അവയവദാനം കുറഞ്ഞു. പദ്ധതി ആരംഭിച്ച 2012ൽ 22 അവയവങ്ങളാണ് മൃതസഞ്ജീവനി പദ്ധതി വഴി രോഗികൾക്ക് നൽകിയത്. 2015ൽ 218 അവയവങ്ങള്‍ ദാനം ചെയ്തു. 132 കിഡ്നികളും 14 ഹൃദയവും 2015ൽ രോഗികൾക്ക് നൽകാനായി. പിന്നീട് അവയവദാനത്തിൽ കുറവുണ്ടായി. 2016ൽ ദാനം ചെയ്ത അവയവങ്ങളുടെ എണ്ണം 199 ആയി. 2017ൽ 60 എണ്ണമായി കുറഞ്ഞു. 2018ൽ 29 ആയി. കഴിഞ്ഞവർഷം 32 അവയവങ്ങളാണ് ദാനം ചെയ്തത്. കിഡ്നിക്കായി മാത്രം കേരളത്തിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 1964പേരാണ്.