വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തന്റെ വാക്കുകൾ പിൻവലിച്ചു. തന്റെ മതനിരപേക്ഷ നിലപാടുകളെ വ്രണപ്പെടുത്തുന്ന രീതിയിൽ വാക്കുകൾ വളച്ചൊടിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

 തദ്ദേശ തിരഞ്ഞെടുപ്പിലെ വർഗീയ ധ്രുവീകരണത്തെക്കുറിച്ച് കാസർകോട്ടെയും മലപ്പുറത്തെയും വിജയികളുടെ പേര് പരാമർശിച്ചു നടത്തിയ പ്രസ്താവനയിലാണ് മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്കുകൾ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിവാദ പരാമർശം പിൻവലിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷത്തുനിന്നും മതസംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.ജാതിമത ഭേദമന്യേ എല്ലാവർക്കുമായി പ്രവർത്തിക്കുന്ന തന്റെ പൊതുജീവിതത്തെ വർഗീയതയുമായി ബന്ധിപ്പിക്കുന്നത് സഹിക്കാനാവില്ലെന്ന് സജി ചെറിയാൻ പറഞ്ഞു.

42 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും വർഗീയതയ്ക്ക് ഒപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ നിലകൊള്ളുന്ന സി.പി.ഐ.എം പ്രവർത്തകനാണ് താനെന്ന് സജി ചെറിയാൻ പറഞ്ഞു.

തന്റെ 42 വർഷത്തെ പൊതുജീവിതം ഒരു കാലത്തും വർഗീയതയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും അത് സഹോദരങ്ങൾക്കും ആത്മീയ നേതാക്കൾക്കും വേദനയുണ്ടാക്കിയതിൽ ദുഃഖമുണ്ടെന്ന് മന്ത്രി പറഞ്ഞു. പാർട്ടി നിർദ്ദേശപ്രകാരമാണ് സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *