ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച ഫോണാണ് പരിശോധിക്കുന്നത്.
ഷിംജിതയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഷിംജിതയുടെ ഫോണിൽ നിന്ന് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഫോൺ കൂടുതൽ വ്യക്തതയ്ക്കായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സംഭവത്തിൽ ഷിംജിതയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഷിംജിതയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നിലവിൽ റിമാൻഡിലുള്ള ഷിംജിത മജിസ്ട്രേറ്റ് കോടതിയിൽ പുതിയ ജാമ്യഹർജി നൽകിയേക്കും.
ലൈംഗികാതിക്രമം നേരിട്ടെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്ന ഷിംജിതയെ, ദീപകിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ഷിംജിതയുടെ ആരോപണം വ്യാജമാണെന്നും അത് മകനെ തളർത്തിയെന്നും മാതാപിതാക്കൾ അറിയിച്ചു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ബസ് ജീവനക്കാരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സംഭവദിവസം ആരും പരാതിപ്പെട്ടില്ലെന്നും അറിയിച്ചിരുന്നെങ്കിൽ പോലീസിൽ ഏൽപ്പിക്കുമായിരുന്നുവെന്നും ജീവനക്കാർ വ്യക്തമാക്കി.
