ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മികച്ച നേതാവും സുഹൃത്തുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുമായി ഉടൻ തന്നെ വലിയ വ്യാപാര കരാറുകളിൽ ഒപ്പിടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസ് ഈ കൂടിക്കാഴ്ചയെ നിർണ്ണായകമെന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യയ്ക്ക് മേൽ 50 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്.
വ്യാപാര കരാറിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുന്നുണ്ടെങ്കിലും നിലവിൽ കാര്യമായ പുരോഗതിയൊന്നുമില്ല.ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെർജിയോ ഗോർ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് പിന്തുണ അറിയിച്ചു.
കരാറിലെത്താൻ ശ്രമം തുടരുകയാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തെ ട്രംപ് എതിർത്തതും ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ നിയന്ത്രണങ്ങളും ചർച്ചയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ യു.എസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി ചർച്ചകൾ നടത്തിയെങ്കിലും ഇറക്കുമതി കരാറിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല.
