യുഎഇയിൽ നിന്നുള്ള അവസാന എയർ ഇന്ത്യ വിമാന സർവീസുകളും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി, ദുബായ്-ഹൈദരാബാദ് സർവീസുകൾ ഉണ്ടാകില്ലെന്ന് വേനൽക്കാല സമയവിവര പട്ടിക വ്യക്തമാക്കുന്നു.
ദുബായ് – കൊച്ചി, ദുബായ് – ഹൈദരാബാദ് റൂട്ടുകളിൽ മാർച്ച് 29 മുതൽ എയർ ഇന്ത്യ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹ്രസ്വദൂര സർവീസുകൾ കുറച്ച് ദീർഘദൂര സർവീസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ മാറ്റം.
സീസൺ വ്യത്യാസമില്ലാതെ യാത്രക്കാരുണ്ടായിരുന്ന ദുബായ്-കൊച്ചി സെക്ടറിൽ നിന്ന് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.
സാധാരണക്കാർ മുതൽ ബിസിനസുകാർ വരെ പതിവായി ആശ്രയിച്ചിരുന്ന ഈ സേവനം നിർത്തുന്നത് മലയാളികൾക്കും മറ്റ് യാത്രക്കാർക്കും വലിയ നഷ്ടമാണ്. വിമാന കമ്പനി സ്വകാര്യവൽക്കരിച്ച ശേഷം കേരളത്തിലേക്ക് നിലനിർത്തിയിരുന്ന ഏക എയർ ഇന്ത്യ സർവീസായ ദുബായ്-കൊച്ചിയും നിർത്തലാക്കുന്നു.
മറ്റു കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കും മികച്ച സേവനവും നൽകിയിരുന്ന ഈ സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു.ദുബായ്-കൊച്ചി സർവീസ് കൂടി നിർത്തുന്നതോടെ, സീസൺ സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമെന്ന ആശങ്കയിലാണ് പ്രവാസികൾ.
ലാഭകരമായിരുന്ന ഡ്രീംലൈനർ വിമാനങ്ങൾ പിൻവലിച്ചതിനെതിരെ വലിയ പ്രതിഷേധം നിലനിൽക്കെയാണ് പുതിയ തീരുമാനം. ഈ സർവീസ് നിലനിർത്തണമെന്ന് ദെയ്റ ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് ആവശ്യപ്പെട്ടു.
ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നതോടെ യാത്രക്കാർക്ക് നിരവധി സൗകര്യങ്ങൾ നഷ്ടമാകും. കുറഞ്ഞ നിരക്കിലുള്ള ബിസിനസ് ക്ലാസ് സേവനം, ടിക്കറ്റിനൊപ്പം ബാഗേജും ഭക്ഷണവും, അധികചെലവില്ലാതെ ടിക്കറ്റ് മാറ്റാനുള്ള സൗകര്യം എന്നിവ ഇനി ലഭ്യമല്ലാതാകും.
