ജയിലിലെ പ്രണയം: വിവാഹം കഴിക്കാൻ രണ്ട് കൊലക്കേസ് പ്രതികൾക്ക് രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു. അഞ്ചുപേരെ കൊലപ്പെടുത്തിയ ഹനുമാൻ പ്രസാദും കൊലക്കേസ് പ്രതിയായ പ്രിയ സേത്തുമാണ് വിവാഹിതരാകുന്നത്. ജയ്പൂർ ജയിലിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്
.ജയിലിൽ വച്ച് തുടങ്ങിയ സൗഹൃദം പ്രണയമായി മാറി.ടിൻഡർ വഴി പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിലെത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് മോഡലായ പ്രിയ സേത്ത്. 2018-ലാണ് ഈ കൊലപാതകം നടന്നത്. നിലവിൽ സംഗനേർ തുറന്ന ജയിലിലാണ് പ്രിയ കഴിയുന്നത്.യുവതിയും കാമുകനും ചേർന്ന് യുവാവിനെ ഫ്ലാറ്റിൽ ബന്ദിയാക്കി പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
പിതാവ് മൂന്ന് ലക്ഷം രൂപ നൽകിയെങ്കിലും, പിടിക്കപ്പെടുമെന്ന ഭയത്താൽ പ്രതികൾ ദുഷ്യന്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റ് വൃത്തിയാക്കിയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയും മൂന്ന് പ്രതികളെയും പിടികൂടുകയും ചെയ്തു.
കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും ബന്ധുവിനെയും ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഹനുമാൻ പ്രസാദ് ജയിലിലായത്.
2017-ൽ കാമുകിയുടെ സഹായത്തോടെ വീട്ടിൽ അതിക്രമിച്ചു കയറി മൃഗങ്ങളെ കൊല്ലുന്ന കത്തി ഉപയോഗിച്ചായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്. നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇയാൾ.പാലി ജില്ലയിലെ അധ്യാപക കുടുംബത്തിൽ നിന്നുള്ള പ്രിയ സേത്ത് പഠനത്തിൽ മിടുക്കിയായിരുന്നു. 2011-ലാണ് ഉപരിപഠനത്തിനായി പ്രിയ ജയ്പൂരിലേക്ക് പോയത്.
