തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് കാരണമായ വാഹനാപകടത്തിലെ പ്രതിയും വാഹന ഉടമയുമായ വിഷ്ണു പിടിയിലായി. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കേരള-തമിഴ്നാട് അതിർത്തിയിൽ നെയ്യാറ്റിൻകരയ്ക്ക് സമീപം വെച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പുലർച്ചെയോടെയായിരുന്നു അറസ്റ്റ്. നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.വാഹനാപകടക്കേസിൽ അന്വേഷണ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

കിളിമാനൂർ എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവർക്കെതിരെയാണ് നടപടി. അപകടത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലും ഇവർ കാലതാമസം വരുത്തിയതായി കണ്ടെത്തി. സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയും ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് കാരണമായി.തിരുവനന്തപുരം കിളിമാനൂർ വാഹനാപകടക്കേസിൽ ഗുരുതരമായ അന്വേഷണ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ദക്ഷിണമേഖലാ ഐജി സസ്പെൻഡ് ചെയ്തു.

എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച ഐജി, അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എഎസ്പിയെ ഏൽപ്പിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസവും പ്രതികളെ സഹായിച്ചെന്ന ആരോപണവുമാണ് ഇവർക്കെതിരെയുള്ള നടപടിക്ക് കാരണമായത്.ജനുവരി 4-ന് പെയിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യ അംബികയും സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് മദ്യലഹരിയിലായിരുന്ന ഉടമ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചെങ്കിലും ഇയാൾ അന്ന് ജാമ്യത്തിൽ ഇറങ്ങി. ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടിരുന്നു. വാഹനത്തിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റേതടക്കം രണ്ട് തിരിച്ചറിയൽ കാർഡുകൾ ലഭിച്ചത് ദുരൂഹത വർധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *