ജമ്മു കശ്മീരിലെ സോനാമാർഗ് വിനോദസഞ്ചാര മേഖലയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉണ്ടായ അതിശക്തമായ ഹിമപാതത്തിന്റെ (Avalanche) ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. സെക്കൻഡുകൾക്കുള്ളിൽ കെട്ടിടങ്ങളെയും വാഹനങ്ങളെയും മഞ്ഞുപാളികൾ വിഴുങ്ങുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിലാണ് പതിഞ്ഞത്.
ഹിമപാതം ഹോട്ടലുകളിലേക്കും വീടുകളിലേക്കും ഇരച്ചുകയറിയെങ്കിലും, ആ സമയത്ത് ആളുകൾ പുറത്തിറങ്ങാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി; ആർക്കും ജീവഹാനിയോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് കശ്മീരിൽ ജനജീവിതം സ്തംഭിച്ചു.
വിമാന സർവീസുകൾ റദ്ദാക്കുകയും ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കുകയും ചെയ്തു. അനന്ത്നാഗ്, കുപ്‌വാര തുടങ്ങി 11 ജില്ലകളിൽ കശ്മീർ ദുരന്തനിവാരണ അതോറിറ്റി ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
