രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ-വികസന പദ്ധതികൾക്കും, ജീവനക്കാരുടെ ഡി.എ (DA), ശമ്പള പരിഷ്കരണം എന്നിവയ്ക്കും ബജറ്റിൽ മുൻഗണന നൽകുമെന്നാണ് സൂചന. ക്ഷേമ പെൻഷൻ വർധനയും പുതിയ അഷ്വേഡ് പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനവുമാണ് ഏവരും ഉറ്റുനോക്കുന്നത്.
റബർ താങ്ങുവില വർധന, ദാരിദ്ര്യ നിർമാർജ്ജനം, വയോജന ക്ഷേമം എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം ലഭിച്ചേക്കും. സ്ത്രീസുരക്ഷാ പെൻഷൻ, യുവാക്കൾക്കുള്ള സ്‌കോളർഷിപ്പ് എന്നിവ വർധിപ്പിക്കാൻ സാധ്യതയുള്ളപ്പോൾ തന്നെ, മദ്യവില കൂടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.കേന്ദ്ര അവഗണനയ്ക്കിടയിലും ക്ഷേമപദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ്, വരുമാനം കൂട്ടാനുള്ള മാർഗങ്ങളും വിഭാവനം ചെയ്യും.
വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ വൻകിട വികസന പദ്ധതികൾക്കായി വലിയ തുക നീക്കിവെക്കാനാണ് സാധ്യത.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വെറുമൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിരിക്കില്ലെന്നും, മറിച്ച് പ്രായോഗികവും യാഥാർത്ഥ്യബോധമുള്ളതുമായ ഒന്നായിരിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
ക്ഷേമ പെൻഷൻ 2,000 രൂപയായി വർധിപ്പിച്ചത് വലിയ നേട്ടമാണെന്നും, പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ലാഭം നോക്കാതെ ജനക്ഷേമത്തിനും വികസനത്തിനുമാണ് മുൻഗണനയെന്ന് ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചിട്ടും പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ചത് വലിയ നേട്ടമാണെന്നും, കുടിശ്ശിക തീർത്ത് ആനുകൂല്യങ്ങൾ കൃത്യമായി നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
