ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുള്ള (Statutory Bail) അപേക്ഷയിലാണ് വിധി വരുന്നത്.
പ്രതിയുടെ നിയമപരമായ അവകാശമാണിതെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണത്തെ ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രശംസിച്ചു.
നിലവിലെ അന്വേഷണം ഏറ്റവും വിശ്വാസയോഗ്യമാണെന്ന് വിലയിരുത്തിയ കോടതി, കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം തള്ളി. സംസ്ഥാന പൊലീസിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
നിസ്സാര കാരണങ്ങൾ പറഞ്ഞ് സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എസ്‌ഐടി അന്വേഷണം നടക്കുന്നതെന്നും കോടതിക്ക് ഇതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ നൽകിയ സിബിഐ അന്വേഷണ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം.
