ബുമ്രയുടെ ലെഗ് സൈഡ് ഫുൾടോസിലാണ് ഇഫ്തിഖർ അഹമ്മദ് ഔട്ടായത്.ബുമ്ര എന്ന പേര് ബാറ്റർമാരുടെ മനസ്സിലുണ്ടാക്കുന്ന ഭയം. അതുകാരണമാണ് ബുമ്രയുടെ ഫുൾടോസ് പോലും അവർക്കു കളിക്കാൻ സാധിക്കാത്തത്’’ഇന്ത്യ– പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെക്കുറിച്ച് മുൻ പാക്ക് ക്യാപ്റ്റൻ വഖാർ യൂനിസ് പറഞ്ഞ വാക്കുകളാണിത്.
19 ഓവറിൽ 119 റൺസിനു പുറത്തായിട്ടും ഇടവേളയിൽ ഒരു സമ്മർദവുമില്ലാതെ ഡഗൗട്ടിൽ ചിരിച്ചുകളിച്ചിരിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു ധൈര്യം നൽകിയത് ബുമ്ര എന്ന പേരായിരുന്നു. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 പ്രധാന പാക്ക് ബാറ്റർമാരെ പുറത്താക്കിയ ബുമ്രയാണ് പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ ആവേശജയം സമ്മാനിച്ചവരിൽ പ്രധാനി.
ബുമ്ര എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്ത് ഒരു പുൾ ഷോട്ടിലൂടെ ബാബർ അസം ബൗണ്ടറി കടത്തുന്നു. മത്സരത്തിൽ പാക്കിസ്ഥാൻ ആധിപത്യമുറപ്പിച്ചെന്ന് കാണികൾ കരുതിയ നിമിഷം. ഷോർട്ട് ബോൾ ബൗണ്ടറി കടത്തിയതിനാൽ അടുത്ത പന്ത് ബുമ്ര യോർക്കറോ ഗുഡ് ലെങ്തോ എറിയുമെന്ന പ്രതീക്ഷയിൽ ഫ്രണ്ട് ഫൂട്ടിലേക്ക് ആഞ്ഞുനിൽക്കുന്ന ബാബർ.
എന്നാൽ ബാബറിനെ അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ബുമ്രയുടെ ഷോർട്ട് ബോൾ. ഓഫ് സ്റ്റംപിനു പുറത്ത്, ജസ്റ്റ് ഷോർട്ട് ഓഫ് ഗുഡ് ലെങ്ത്തിൽ പിച്ച് ചെയ്ത പന്ത് ആംഗിളിൽ അകത്തേക്കെത്തി, ചെറുതായി പുറത്തേക്കു സ്വിങ് ചെയ്യുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ ബൗൺസും സ്വിങ്ങുമായി വന്ന പന്തിൽനിന്നു ബാറ്റ് ഒഴിവാക്കാൻ ബാബറിനു സമയം ലഭിച്ചില്ല. ബാറ്റിൽ ഉരസിയ പന്ത് സ്ലിപ്പിൽ സൂര്യകുമാറിന്റെ കൈകളിലേക്ക്.