2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘകാല ആവശ്യം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതുസംബന്ധിച്ച ബിൽ കേന്ദ്രം ഉടൻ രാഷ്ട്രപതിക്ക് സമർപ്പിക്കും.
2023-ലും 2024-ലും നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെത്തുടർന്നാണ് കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാൻ തീരുമാനിച്ചത്. സാങ്കേതിക തിരുത്തലുകളോടെ 2024 ജൂണിൽ വീണ്ടും അവതരിപ്പിച്ച പ്രമേയത്തിനാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ മറുപടി ലഭിച്ചാൽ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി പേരുമാറ്റം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്രത്തിന്റെ ഈ തുടർനടപടികൾക്ക് സംസ്ഥാനത്തിന്റെ അനുകൂല പ്രതികരണം നിർണായകമാണ്.
