രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിലേക്ക് പുറപ്പെടും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പുറമെ, ഇന്ന് രാത്രി എട്ടു മണിക്ക് മോദി അവിടുത്തെ പാർലമെന്റിനെ (ക്നെസെറ്റ്) അഭിസംബോധന ചെയ്യും.
പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന നിർണ്ണായക കരാറുകൾ സന്ദർശനവേളയിൽ ഒപ്പിടും.
നെതന്യാഹുവുമായുള്ള ആഭ്യന്തര രാഷ്ട്രീയ ഭിന്നതകൾക്കിടയിലും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് സ്വാഗതം ചെയ്തു.
മോദിയെ ഇസ്രയേലിന്റെ ‘യഥാർത്ഥ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം തന്ത്രപരമായ ബന്ധത്തിനപ്പുറം വൈകാരികമാണെന്നും എക്സിൽ (X) കുറിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചു പാർലമെന്റ് പ്രസംഗം ബഹിഷ്കരിക്കുമെന്ന് ലാപിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും മോദിയോടുള്ള ആദരവിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
