പ്രതിരോധം, സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൃഷി തുടങ്ങിയ നിർണ്ണായക മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിലെത്തും. സന്ദർശനവേളയിൽ വിവിധ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
പ്രതിരോധ സെക്രട്ടറി നേരത്തെ നടത്തിയ സന്ദർശനത്തിന്റെ തുടർച്ചയായി സൈനിക സഹകരണത്തിൽ വലിയ ചുവടുവെപ്പുകൾ ഈ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നു.
ഇസ്രായേലിന്റെ കരുത്തായ അയേൺ ഡോം വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിരോധം, ശാസ്ത്രം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്യുമെന്നും പുതിയ അവസരങ്ങൾ തേടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ-പാക് സംഘർഷത്തിൽ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രിയടക്കം 3.5 കോടി ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്ന് ഡോണൾഡ് ട്രംപ്.
യുഎസ് കോൺഗ്രസിൽ സംസാരിക്കവെയാണ്, തന്റെ ഇടപെടൽ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടത്. തന്റെ ഭരണത്തിന്റെ ആദ്യ പത്തു മാസത്തിനുള്ളിൽ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഭീകരവാദത്തിന്റെ മുഖ്യ സ്പോൺസറാണെന്ന് ആരോപിച്ച ഡോണൾഡ് ട്രംപ്, രാജ്യം ആണവായുധം നിർമ്മിക്കുന്നത് തടയുമെന്നും പ്രഖ്യാപിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ 32,000 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനും അമേരിക്ക തീരുമാനിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ പ്രത്യാക്രമണമാണ് ‘ഓപ്പറേഷൻ സിന്ദൂർ’.
നിരവധി സൈനിക-ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തെങ്കിലും, അമേരിക്കൻ സമ്മർദത്തെ തുടർന്നാണ് ഈ നീക്കം നിർത്തിവെച്ചതെന്നാണ് ഡോണൾഡ് ട്രംപിന്റെ പുതിയ അവകാശവാദം.
