ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാനുള്ള കേന്ദ്ര നീക്കത്തെ ശശി തരൂർ എം.പി വിമർശിച്ചു. കേന്ദ്രത്തിന്റെ മുൻഗണന വികസന പദ്ധതികളിലല്ല, മറിച്ച് പേരുമാറ്റത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മലയാളത്തിൽ നിലവിൽ ‘കേരളം’ എന്ന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും, ഇംഗ്ലീഷിലും ആ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതിൽ സംശയമുണ്ടെന്നും തരൂർ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതുകൊണ്ട് എന്ത് വലിയ വ്യത്യാസമാണ് ഉണ്ടാകുന്നതെന്ന് ശശി തരൂർ ചോദിച്ചു. കേരളത്തിന് എയിംസോ പുതിയ വികസന പദ്ധതികളോ അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്രം, പേര് മാറ്റത്തിന് മാത്രം വേഗത്തിൽ അംഗീകാരം നൽകുന്നതിനെ അദ്ദേഹം പരിഹസിച്ചു.

‘കേരളൈറ്റ്’ പോലുള്ള പ്രയോഗങ്ങൾ ഇനി ‘കേരളമൈറ്റ്’ എന്നൊക്കെയായി മാറുന്നത് വിചിത്രമായിരിക്കുമെന്നും അദ്ദേഹം തന്റെ എക്സ് (X) പോസ്റ്റിലൂടെ കുറിച്ചു.കേരള നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ്, സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്. ഇതിനായി ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതിവരുത്തുന്നതിനായുള്ള ‘കേരള (പേര് മാറ്റൽ) ബിൽ, 2026’ ഉടൻ നടപടികളിലേക്ക് കടക്കും.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ 2024-ൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്നായിരുന്നു കേന്ദ്രത്തോടുള്ള അന്നത്തെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *