പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിൽ ബോംബിടാൻ എത്തിയ രണ്ട് ഇറാനിയൻ പോർവിമാനങ്ങളെ ഖത്തർ വ്യോമസേന തകർത്തു. ആക്രമണത്തിന് തൊട്ടുമുമ്പാണ് ഖത്തർ ഈ വിമാനങ്ങളെ വെടിവെച്ചിട്ടതെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം.പതിനായിരത്തോളം യുഎസ് സൈനികരുള്ള ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളവും റാസ് ലാഫാൻ പ്രകൃതിവാതക കേന്ദ്രവും ലക്ഷ്യമിട്ടെത്തിയ ഇറാന്റെ രണ്ട് എസ്യു-24 ബോംബർ വിമാനങ്ങളെയാണ് ഖത്തർ വെടിവെച്ചിട്ടത്.
തിങ്കളാഴ്ച രാവിലെ നടന്ന ഈ നീക്കം വലിയൊരു ദുരന്തം ഒഴിവാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.ലക്ഷ്യസ്ഥാനത്തെത്താൻ വെറും രണ്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് ബോംബുകൾ നിറച്ച ഇറാനിയൻ വിമാനങ്ങളെ ഖത്തർ വെടിവെച്ചിട്ടത്.
റഡാറുകളെ വെട്ടിക്കാൻ വെറും 80 അടി ഉയരത്തിൽ പറന്ന ജെറ്റുകൾക്ക് ഖത്തർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് നിർണ്ണായകമായ വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സമയപരിമിതിയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് ഇറാൻ വിമാനങ്ങളെ ശത്രുപക്ഷമായി പ്രഖ്യാപിച്ച ഖത്തർ, തങ്ങളുടെ എഫ്-15 (F-15) യുദ്ധവിമാനങ്ങൾ അയച്ചാണ് അവയെ വെടിവെച്ചിട്ടത്.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം അതീവ ജാഗ്രതയോടെയുള്ള ഈ നീക്കം വലിയൊരു ദുരന്തം ഒഴിവാക്കി.
വെടിവെച്ചിട്ട ഇറാനിയൻ വിമാനങ്ങൾ ഖത്തറിന്റെ സമുദ്രാതിർത്തിയിലാണ് തകർന്നുവീണതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കണ്ടെത്താനായി നിലവിൽ കടലിൽ തിരച്ചിൽ തുടരുകയാണെന്നും ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
