ടി20 ലോകകപ്പിന്റെ തുടക്കത്തിൽ ടീമിന് പുറത്തായിരുന്ന സഞ്ജു സാംസൺ, കിട്ടിയ അവസരങ്ങൾ മുതലാക്കി ടൂർണമെന്റിലെ താരമായി മാറി. സെമിയിലും ഫൈനലിലും ഉൾപ്പെടെ തുടർച്ചയായി മൂന്ന് അർധ സെഞ്ചറികൾ നേടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായകമായി.
നമീബിയക്കെതിരായ മത്സരത്തിന് ശേഷം വീണ്ടും പുറത്തിരിക്കേണ്ടി വന്നെങ്കിലും, ഉജ്ജ്വല തിരിച്ചുവരവിലൂടെ സഞ്ജു ലോകകപ്പിന്റെ ഹീറോയായി മാറി.ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ സൂപ്പർ എട്ടിൽ സഞ്ജു തിരിച്ചെത്തുകയും ടീമിന്റെ നട്ടെല്ലാവുകയും ചെയ്തു. സഞ്ജു പുറത്തിരുന്ന സമയത്ത് താൻ നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യകുമാർ യാദവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. “
കഠിനമായ ഈ സമയത്തെ ഉൾക്കൊള്ളണമെന്നും, ദൈവം നിനക്കായി മാറ്റിവെച്ചത് നിന്നെ തേടിയെത്തുമെന്നും” സൂര്യ സഞ്ജുവിനോട് പറഞ്ഞിരുന്നു.”സഞ്ജു, നിനക്കായി വിധിച്ചത് നിനക്ക് തന്നെ ലഭിക്കും. അവസരത്തിനായി സ്വയം തയ്യാറെടുക്കുക, അത് വരുമ്പോൾ മികച്ച രീതിയിൽ ഉപയോഗിക്കുക; ലോകം മുഴുവൻ അത് കാണും,” എന്നായിരുന്നു സൂര്യകുമാർ യാദവ് സഞ്ജുവിന് നൽകിയ ഉപദേശം.
പ്രതിസന്ധി ഘട്ടത്തിൽ സഞ്ജുവിനെ പ്രചോദിപ്പിച്ച ക്യാപ്റ്റന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി.
സഞ്ജുവിന്റെ അനുഭവസമ്പത്തും ആക്രമണ ശൈലിയും ടീമിന് മുതൽക്കൂട്ടാകുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമിന് വേണ്ടത് സഞ്ജുവിൽ നിന്ന് ലഭിച്ചപ്പോൾ, 15 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ഇന്ത്യ ഒരു ലോകകിരീടം കൂടി ഉയർത്തി. 255 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യ കിവീസിനെ 159 റൺസിൽ എറിഞ്ഞിട്ടു.
46 പന്തിൽ 89 റൺസുമായി തകർത്തടിച്ച സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റായി. അഭിഷേക് ശർമയും ഇഷാൻ കിഷനും അർധ സെഞ്ചറികൾ നേടി ഇന്ത്യൻ സ്കോർ ഉയർത്തിയപ്പോൾ, 4 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര കിവീസിനെ തകർത്ത് പ്ലെയർ ഓഫ് ദ മാച്ചായി. സഞ്ജുവിന്റെയും ബുമ്രയുടെയും കരുത്തിൽ ഇന്ത്യ ലോകകിരീടം ചൂടി.
