ന്യൂയോര്‍ക്ക് ട്വന്റി 20 ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യന്‍ വംശജനും അമേരിക്കയുടെ ഇടംകൈയ്യന്‍ പേസറുമായ സൗരഭ് നേത്രവല്‍ക്കർ കാഴ്ച വെക്കുന്നത്.
പാകിസ്താനെതിരെയും ഇന്ത്യക്കെതിരെയുമെല്ലാം തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച് ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ സൗരഭിനായി.പാകിസ്താനെതിരേ സൂപ്പര്‍ ഓവര്‍ എറിഞ്ഞ് ടീമിനെ വിജയത്തിലെത്തിച്ചത് സൗരഭാണ്.
ഇന്ത്യയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകള്‍ വീഴ്ത്താന്‍ നേത്രാവല്‍ക്കറിന് സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരവും കൂടിയായ സൗരഭ് നേത്രവല്‍ക്കറെ ഇപ്പോള്‍ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗാവസ്കര്‍.
വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും വിക്കറ്റുകള്‍ താന്‍ അനായാസം സ്വന്തമാക്കിയെന്ന് സൗരഭ് നേത്രാവല്‍ക്കര്‍ കൊച്ചുമക്കളോട് പറയുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാവസ്കര്‍ പറഞ്ഞു.
ജൂണ്‍ 12ന് ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിലാണ് സൗരഭ് ആരാധകരെ ഞെട്ടിച്ചത്.