ന്യൂഡൽഹി: ഇ കെവൈസി വിവരങ്ങൾ നൽകാത്ത റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. വിവരങ്ങൾ ഇതുവരെ നൽകാത്തവർ അതിവേഗം നൽകണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ മുപ്പതിൽ നിന്ന് സെപ്റ്റംബർ 30വരെ നീട്ടി നൽകിയിരുന്നു.
ഇ-കെവൈസി ചെയ്തില്ലെങ്കിൽ റേഷൻ ലഭിക്കുന്നതിൽ തടസ്സമുണ്ടാകുമെന്നിരിക്കെയാണ് ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തിയത്. കേരളത്തിൽ ഭൂരിഭാഗമാളുകളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. അനർഹരായ പലരും റേഷൻ കാർഡ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. മരണപ്പെട്ടവരുടെ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇതോടെയാണ് പുതിയ തീരുമാനങ്ങൾ പുറത്തിറക്കിയത്.
ഇ കെവൈസി വിവരങ്ങൾ നൽകുന്നതോടെ അർഹതപ്പെട്ടവർക്ക് മാത്രമേ റേഷൻ ലഭിക്കൂ. റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ പരിശോധിക്കാൻ പല സംസ്ഥാനങ്ങളിലെയും റേഷൻ ഡീലർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇ – പാസ് മെഷീൻ്റെ സഹായത്തോടെ ഒരു ഇ കെവൈസി ചെയ്യാവുന്നതാണ്. ഇകെവൈസിക്ക് ശേഷം ഫോൺ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കും.
റേഷൻ കാർഡിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത വെബ്‌സൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളിലുള്ളവർ സർക്കാർ വെബ്‌സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ സമർപ്പിക്കണം. തുടർന്ന് റേഷൻ കാർഡ് വിശദാംശങ്ങൾ പരിശോധിക്കാം. ഇതിനുശേഷം ബയോമെട്രിക് വിശദാംശങ്ങൾ അനുസരിച്ച് ഇ കെവൈസി നടത്തണം.