തിരുവനന്തപുരം: സാമൂഹിക പെൻഷൻ മുടങ്ങിയത് അടിയന്തര സ്വഭാവത്തിൽ സഭയിൽ അവതരിപ്പിക്കേണ്ട വിഷയമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനുവരിയിൽ ഇതിനകം തന്നെ വിഷയത്തെക്കുറിച്ച് സഭയിൽ ചർച്ച നടത്തിയതാണെന്നും, പ്രതിപക്ഷം ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.വി. വിഷ്ണുനാഥ് അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും, ഇത് അടിയന്തരമായി പരിഗണിക്കണമെന്നും ആയിരുന്നു വിഷ്ണുനാഥിന്റെ ആവശ്യം.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിക്കുന്നത് പ്രകാരം, അവസാന മൂന്ന് മാസത്തിനിടയിൽ നാലു ഗഡു സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്തതായും, ജൂൺ മാസത്തെ പെൻഷൻ അടുത്തയാഴ്ച്ച വിതരണം ചെയ്യുമെന്നും, ഇത് അടിയന്തര പ്രശ്നമല്ലെന്നും വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ശ്രമം മുതലകണ്ണീർ മാത്രമാണെന്നും, ജനം അതിനെ തിരിച്ചറിയുന്നുണ്ടെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. ഈ സർക്കാർ കാലത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നുവെന്നും, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം, കേന്ദ്രത്തെതിരെ സംയുക്ത സമരത്തിനുള്ള പ്രതിപക്ഷത്തിന്റെ തയ്യാറെടുപ്പ് എങ്ങനെയാണെന്ന ചോദ്യവും ബാലഗോപാൽ ഉയർത്തി