മെക്‌സിക്കോ സിറ്റി: കായിക ലോകം കാത്തിരുന്ന 23-ാമത് ഫുട്ബോൾ ലോകകപ്പിന് വ്യാഴാഴ്ച രാത്രി (ഇന്ത്യൻ സമയം രാത്രി 12.30) ചരിത്രപ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ കിക്കോഫാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും.

ഇതോടെ 1970, 1986 വർഷങ്ങൾക്ക് ശേഷം മൂന്ന് വ്യത്യസ്ത ലോകകപ്പുകൾക്ക് വേദിയാകുന്ന ഒരേയൊരു സ്റ്റേഡിയമെന്ന അപൂർവ റെക്കോർഡ് മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്‌റ്റേഡിയം സ്വന്തമാക്കും. ‘ട്രയോൺഡ’ (Tryonda) എന്ന് പേരിട്ടിരിക്കുന്ന പന്തിലാണ് ഇത്തവണത്തെ മത്സരങ്ങൾ.

യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ഇക്കുറി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിപുലമായ ടൂർണമെന്റാണ്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ 16 വേദികളിലായി 104 മത്സരങ്ങളാണ് അരങ്ങേറുക. ജൂലൈ 19-ന് ന്യൂജെഴ്‌സിയിലാണ് ഫൈനൽ.

ഖത്തർ ടീമിൽ കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടംനേടിയിട്ടുള്ളതിനാൽ മലയാളി ആരാധകർക്കും ഇത്തവണത്തെ ലോകകപ്പ് ഏറെ സവിശേഷതയുള്ളതാണ്. ആറാം ലോകകപ്പിനെത്തുന്ന ഗോൾകീപ്പർ ഗ്വില്ലർമോ ഒച്ചോവയാണ് മെക്സിക്കൻ നിരയിലെ പ്രധാന താരം.

Leave a Reply

Your email address will not be published. Required fields are marked *