ലണ്ടൻ: റഷ്യക്കെതിരെയുള്ള രാജ്യാന്തര ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്ന ആരോപണത്തിൽ റഷ്യൻ ഷാഡോ ഫ്‌ളീറ്റിൽ (Shadow Fleet) പെടുന്ന ‘എംവി സ്മിർട്ടോസ്’ (MV Smyrtos) എന്ന എണ്ണക്കപ്പൽ യുകെ സൈന്യവും നാഷണൽ ക്രൈം ഏജൻസിയും ചേർന്ന് പിടിച്ചെടുത്തു. ജൂൺ 14-ന് യുകെ സമുദ്രപരിധിയിൽ വെച്ചായിരുന്നു റോയൽ മറീൻസിന്റെ നേതൃത്വത്തിലുള്ള നാടകീയമായ ഈ നീക്കം. കപ്പലിന്റെ ക്യാപ്റ്റനും ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശിയുമായ അജയ് പന്തിനെ (38) ബ്രിട്ടിഷ് അധികൃതർ അറസ്റ്റ് ചെയ്തു.
നിലവിൽ റിമാൻഡിലുള്ള ഇയാളുടെ അടുത്ത കോടതി വാദം കേൾക്കൽ ജൂലൈ 16-ന് ബോൺമൗത്ത് ക്രൗൺ കോടതിയിൽ നടക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.തന്റെ ഭർത്താവ് കഴിഞ്ഞ 15 വർഷമായി കളങ്കമില്ലാത്ത ഔദ്യോഗിക ജീവിതമുള്ളയാളാണെന്നും ഒരു കമ്പനി ജീവനക്കാരൻ എന്ന നിലയിൽ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും അജയ് പന്തിന്റെ ഭാര്യ റിതു പന്ത് വ്യക്തമാക്കി.
ഭർത്താവിനെ മോചിപ്പിച്ചു നാട്ടിലെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ അപേക്ഷയിൽ ഉത്തരാഖണ്ഡ് സർക്കാർ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ നിലവിൽ അജയ് പന്തിന് ആവശ്യമായ നിയമസഹായം നൽകിവരുന്നുണ്ട്. ഇന്ത്യക്കാരും ജോർജിയക്കാരും ഉൾപ്പെടെ കപ്പലിലുള്ള മറ്റ് 24 ജീവനക്കാരും നിലവിൽ ബ്രിട്ടിഷ് അധികൃതരുടെ നിരീക്ഷണത്തിലാണ്.

