വാഷിങ്ടൺ: ഇറാന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതീവരഹസ്യമായി വിമാനം മാറിക്കയറിയ സംഭവത്തിൽ വഞ്ചനാപരമായ നീക്കത്തിന്റെ ഭാഗമായി മന്ത്രിസഭയിലെ പ്രമുഖരും. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കു ശേഷം മടങ്ങവേ, ട്രംപ് എയർ ഫോഴ്സ് വണ്ണിൽ തന്നെയുണ്ടെന്ന് ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും അതേ വിമാനത്തിൽ യാത്ര തുടരുകയായിരുന്നു.
ഔദ്യോഗിക വിമാനത്തിൽ കയറിയ ശേഷം പിൻവാതിൽ വഴി കേറ്ററിങ് ട്രക്കിൽ പുറത്തിറങ്ങി ഒരു ചെറിയ സൈനിക വിമാനത്തിലേക്ക് മാറിയാണ് ട്രംപ് യാത്ര ചെയ്തത്. വൈസ് പ്രസിഡന്റും സ്പീക്കറും കഴിഞ്ഞാൽ പ്രസിഡന്റിന്റെ പിന്തുടർച്ചാവകാശത്തിൽ പ്രധാന സ്ഥാനമുള്ള നേതാക്കൾ ഇത്തരത്തിൽ സുരക്ഷാ ഭീഷണിയിലുള്ള വിമാനത്തിൽ സഞ്ചരിച്ചെന്ന റിപ്പോർട്ടുകൾ വലിയ വാർത്താപ്രാധാന്യമാണ് നേടിയിരിക്കുന്നത്. സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദേശപ്രകാരമാണ് താൻ വിമാനം മാറിയതെന്ന് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്

