ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വര്‍ഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍ അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.
38 കോടി മനുഷ്യർ ലോകത്ത് ഇന്ന് ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.
*ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാന്‍ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. മദ്യം/മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്.