സിപിഐഎം കണ്ണൂർ ജില്ല കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുക്കും. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിവാദം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.

പി ജയരാജനെതിരായ മനു തോമസിന്റെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്നുണ്ടെങ്കിലും കോൺ​​ഗ്രസ് അത് ആയുധമാക്കുന്നുണ്ടെങ്കിലും പി ജയരാജനെ ഏതെങ്കിലും വിധത്തിൽ സംരക്ഷിക്കുന്ന പ്രതികരണം സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇനി ഈ വിഷയത്തിൽ എങ്ങനെ പ്രതിരോധം തീർക്കുമെന്നാകും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം ചർച്ച ചെയ്യുക. മനു തോമസ് മെമ്പർഷിപ്പ് പുതുക്കാത്തതിനാലുള്ള സ്വാഭാവിക നടപടിയായാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തുപോയതെന്നാണ് മുൻപ് കണ്ണൂരിലെ സിപിഐഎം നേതൃത്വം പറഞ്ഞിരുന്നത്.

അതേസമയം സിപിഎം നേതാക്കളുടെ സ്വർണക്കടത്ത് കൊട്ടേഷൻ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധവും ഇന്ന് നടക്കും. കണ്ണൂർ കളക്ടറേറ്റ് മുന്നിലാണ് കോൺഗ്രസ് ധർണ്ണ. മനു തോമസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *