കണ്ണൂർ:കാറിൽ നിറച്ച പെട്രോളിന് പണം ചോദിച്ച പമ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. എ ആർ ക്യാമ്പ് ഡ്രൈവർ കെ സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലെ ജീവനക്കാരനായ അനിൽ കുമാറിനെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. കണ്ണൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എ.കെ.ജി ആശുപത്രിയിലേക്ക് പോകും വഴിയുള്ള പമ്പിലാണ് സംഭവം.

വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറിൽ സന്തോഷ് എത്തിയിരുന്നു. എണ്ണയടിച്ചതിന് ശേഷം ഇയാൾ പണം നൽകാതെ പുറത്തേക്ക് പോയിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്ത് അനിൽ കുമാർ പ്രതിയെ പിന്തുടർന്നു. പിന്നാലെ കാർ നിർത്തി സന്തോഷ് പകുതി പണം നൽകുകയായിരുന്നു. എന്നാൽ മുഴുവനും വേണമെന്ന് അനിൽ ആവശ്യപ്പെട്ടു. ആ സമയം കുറച്ച് ദൂരം കാർ മുന്നോട്ടെടുത്ത് സന്തോഷ് വേഗത കുറച്ചു. തുടർന്ന് പണം മുഴുവൻ നൽകാനാണെന്ന് തെറ്റിദ്ധരിച്ച് അനിൽ കാറിന്റെ മുന്നിലെത്തുകയായിരുന്നു. എന്നാൽ അനിലിനെ ഇടിച്ച് കാർ മുന്നോട്ട് കുതിക്കുകയാണുണ്ടായത്. മെയിൻ റോഡിൽ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റിൽ വഹിച്ച് കാർ പോകുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.സമാനമായ നിരവധി കേസുകളിൽ സന്തോഷ് പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. ടൗൺ പൊലീസ് സന്തോഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. സന്തോഷിനെ സർവീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *