റാവൂസ് കോച്ചിങ് സെന്റർ; ചട്ടങ്ങൾ ലംഘിച്ചതിന് കോർപ്പറേഷൻ നടപടി, ഡെപ്യൂട്ടി കമ്മീഷണറുടെ ക്ലിയറൻസ്
ഡൽഹി: ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് കോച്ചിങ് സെൻ്ററിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ മരിച്ച സംഭവത്തിൽ മാനദണ്ഡങ്ങൾ അവഗണിച്ചതിന് കോച്ചിങ് സെൻ്ററിനെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടി ആരംഭിച്ചു. സെൻട്രൽ ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗർ ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചു. ബേസ്മെൻ്റിൽ പ്രവർത്തിക്കുന്ന നിരവധി കോച്ചിങ് സെൻ്ററുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയ്ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ 13 കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടിയെടുത്തിരുന്നു.
റാവൂസ് കോച്ചിങ് സെന്ററിൽ ഗുരുതര നിയമ ലംഘനമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു. റാവൂസ് കോച്ചിങ് സെന്ററിനെതിരെ കോർപ്പറേഷൻ കഴിഞ്ഞ വർഷം ആഗസ്റ്റിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതിന് ഷോ കേസ് നോട്ടീസ് നൽകിയിരുന്നതായും അധികൃതർ പറഞ്ഞു. തൊട്ടടുത്ത മുഖർജി നഗറിലെ സിവിൽ സർവീസ് അക്കാദമിയിൽ തീ പിടിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലായിരുന്നു അത്.