ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീർഘനേരത്തേക്ക് ഉറക്കം അകറ്റി നിർത്തുന്നതിന് സഹായകമാകുന്ന ഫൈറ്റർ ഡ്രഗ് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ട്രമാഡോൾ ടാബുകൾ അടക്കമുള്ളവയാണ് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ സിയേറാ ലിയോൺ, നൈജർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
അന്താരാഷ്ട്ര മാർക്കറ്റിൽ 110 കോടി വില വരുന്നതാണ് കണ്ടെത്തിയ ലഹരിമരുന്ന്. ട്രാമാഡോൾ എന്ന ലഹരി സ്വഭാവമുള്ള വേദന സംഹാരിയുടെ കയറ്റുമതി 1985ലെ എൻഡിപിഎസ് നിയമം അനുസരിച്ച് വിലക്കിയിട്ടുള്ളതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമാക്കി. മുൻഭാഗത്തും പിൻഭാഗത്തും ഡൈക്ലോഫിനാകും മറ്റൊരു മരുന്നു വച്ച് മധ്യ ഭാഗത്തായി ലഹരി മരുന്ന് വച്ച നിലയിലായിരുന്നു കണ്ടെയ്നർ കണ്ടെത്തിയത്.