മരണത്തിന്റേയും വൃത്തികേടിന്റേയും ദുഷ്ടത്തരത്തിന്റേയും പട്ടികയിലാണ് നമുക്കിടയില്‍ കഴുകന്‍മാരുടെ സ്ഥാനം. കാഴ്ചയില്‍ പേടിപ്പെടുത്തുന്നവനാണെങ്കിലും മനുഷ്യവിതത്തിനും ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനും കഴുകന്‍മാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ കുറേക്കാലമായി കഴുകന്‍മാരുടെ എണ്ണം രാജ്യത്ത് വളരെയധികം കുറഞ്ഞുവരുന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴുകന്‍മാരുടെ നാശം മനുഷ്യജീവന്റെ നിലനില്‍പ്പിന് പോലും തിരിച്ചടിയയിരിക്കുന്നുവെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടാവും.
ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ഇയാള്‍ ഫ്രാങ്ക്, വാര്‍വിക് സര്‍വകലാശാലയിലെ ഗവേഷകനായ ആനന്ദ് സുദര്‍ശന്‍ എന്നിവരാണ് പഠനത്തിന് പിന്നില്‍. ഇന്ത്യന്‍ കഴുകന്‍മാരുടെ അപ്രതീക്ഷിത എണ്ണക്കുറവ് അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രം അഞ്ചുലക്ഷം മനുഷ്യ ജീവന്റെ മരണത്തിന് കാരണമായെന്നാണ് അമേരിക്കന്‍ ഇക്കണോമിക്ക് അസോസിയേഷന്‍ ജേര്‍ണലില്‍ ജൂണ്‍മാസത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശുചീകരണ ജീവിയെന്നാണ് കഴുകന്‍മാരെ അറിയപ്പെടുന്നത്. പകര്‍ച്ചവ്യാധികളേയും രോഗാണുക്കളേയും തടയുന്നതിന് ഇവ വഹിക്കുന്ന പങ്ക് ചെറുതുമല്ല.