24x7news.org

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്. ഡാമിലെ ജലനിരപ്പ് 773.50 മീറ്റര്‍ ആയി ഉയര്‍ന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജലനിരപ്പ് ഇന്ന് വൈകുന്നേരം ആറ്മണിയ്ക്ക് മുന്‍പ് റൂള്‍ ലെവലായ 773.50ല്‍ എത്തുകയാണെങ്കില്‍ അധികമെത്തുന്ന മഴവെള്ളം ആറുമണിയ്ക്ക് മുന്‍പ് പുഴയിലേക്ക് ഒഴുകുന്നവിധത്തില്‍ ഡാം ഷട്ടറുകള്‍ തുറക്കുന്നതായിരിക്കും. 

ആറ് മണിയ്ക്ക് ശേഷമാണ് റൂള്‍ ലെവല്‍ എത്തുന്നതെങ്കില്‍ നാളെ രാവിലെ എട്ട് മണിയോട് കൂടി തുറന്നുവിടാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പുഴയില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *