കനത്തമഴയെത്തുടര്‍ന്ന് തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനാല്‍ ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തിലായി. വിനോദസഞ്ചാരികളെ വെള്ളംകയറിയ മേഖലയില്‍ വിലക്കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജയനഗര ഡെപ്യൂട്ടി കമ്മിഷണര്‍ എം.എസ്. ദിവാകര്‍ പറഞ്ഞു.
ഹംപി സന്ദര്‍ശിക്കാനെത്തുന്നവര്‍ തുംഗഭദ്രനദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഹംപിയിലെ പുരന്ദര മണ്ഡപ, ചക്രതീര്‍ഥ, ഹനുമാന്‍ ക്ഷേത്രം തുടങ്ങിയവയാണ് വെള്ളത്തിലായത്. ചിലത് ഭാഗികമായും ചിലത് പൂര്‍ണമായും മുങ്ങി. തുംഗഭദ്രാനദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കനത്തമഴയാണ് പെയ്യുന്നത്.