പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മൂന്നാം മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഷൂട്ടര്‍ സ്വപ്നില്‍ കുശാലെ. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് ഫൈനലില്‍ മൂന്നാമതെത്തി വെങ്കല മെഡല്‍ സ്വന്തമാക്കിയ സ്വപ്‌നില്‍ ഈയിനത്തില്‍ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനിയേപ്പോലെ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി തുടങ്ങിയ സ്വപ്നിലിന് പ്രചോദനമായതും ധോനിയുടെ ജീവിതകഥ തന്നെയാണ്. മഹാരാഷ്ട്രയിലെ കോലാപുരിനടുത്തുള്ള കംബല്‍വാഡി ഗ്രാമത്തില്‍ നിന്നുള്ള ഈ 29-കാരന്‍ 2012 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കേണ്ടിവന്നത് ഒരു വ്യാഴാവട്ടക്കാലമാണ്. ആദ്യ ഒളിമ്പിക്‌സില്‍ത്തന്നെ മെഡലും.