വാഷിങ്ടൻ∙ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രയേൽ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. ഇസ്രയേൽ നിയോഗിച്ച രണ്ട് ഇറാൻ ഏജന്റുമാർ ഇസ്മായിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു മുറികളിൽ ബോംബ് സ്ഥാപിച്ചതായി ഇറാനിയൻ ഉദ്യോഗസ്ഥർ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തി
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇസ്മായിൽ ഹനിയയെ മൊസാദ് വധിക്കുന്നത്. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ ആക്രണത്തിന് ഇസ്രയേൽ പദ്ധതിയിട്ടത്. വലിയ ജനക്കൂട്ടമുള്ളതിനാൽ പദ്ധതി ഉപേക്ഷിച്ചു. വലിയ ജനക്കൂട്ടത്തിനിടയിൽ ആക്രമണ പദ്ധതി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് രണ്ട് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചില്ല. വടക്കൻ ടെഹ്റാനിൽ ഹനിയ താമസിച്ച കെട്ടിടത്തിൽ ജൂലൈ 30ന് പുലർച്ചെ 2 ന് ആയിരുന്നു ആക്രമണം. സുരക്ഷാഗാർഡും കൊല്ലപ്പെട്ടു. ഏപ്രിലിൽ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഹനിയയുടെ 3 ആൺമക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലേ പശ്ചിേമഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തിപ്പെടുത്തി.