പാരീസ്: സ്വര്‍ണ നേട്ടത്തിനൊപ്പം ഓളിംപിക്സ് വേദിയില്‍ തന്റെ പ്രണയവും ചേര്‍ത്തുവെയ്ക്കുകയാണ് ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാ ക്വിയോങ്. വെള്ളിയാഴ്ച ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഷെങ് സി വെയ്‌ക്കൊപ്പം കൊറിയന്‍ സഖ്യത്തെ ധീരമായി പരാജയപ്പെടുത്തി ഹുവാങ് യാ ക്വിയോങ് സ്വര്‍ണം നേടിയിരുന്നു.
വിജയ നിമിഷത്തിന് തൊട്ടുപിന്നാലെയാണ് താരത്തെ ഞെട്ടിച്ചുകൊണ്ട് അത് സംഭവിക്കുന്നത്. സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെന്‍ ഇംഗ്ലീഷ് സ്റ്റൈലില്‍ മുട്ടുകത്തി ഹുവാങിന് നേരെ മോതിരം നീട്ടി ചോദിച്ചു, വില്‍ യു മാരി മീ.ഇരുവരുടെയും മറക്കാനാകാത്ത മുഹൂര്‍ത്തം കൂടിയായിരുന്നു അത്. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കുന്ന ലാ ചാപ്പല്ലെ അരീനയിലെ ഫൈനല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ചൈനീസ് സഖ്യം കാഴ്ച്ചവെച്ചത്.
പോഡിയത്തിലെ മെഡല്‍ ദാന ചടങ്ങിന് ശേഷം തിരികെ നടക്കുമ്പോഴായിരുന്നു ലിയു യുചെന്‍ ഗ്യാലറിയെ സാക്ഷിയാക്കി സര്‍പ്രൈസ് പ്രൊപ്പോസല്‍ നടത്തിയത്.ഇതോടെ ലാ ചാപ്പല്ലെ അരീനയിലെ കാണികള്‍ ആവേശഭരിതരായി. യാ ക്വിയോങ് സമ്മതം മൂളിയതോടെ എങ്ങും കരഘോഷവും ആര്‍പ്പുവിളികളും നിറഞ്ഞു.
ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു യാ ക്വിയോങ്ങിന്റെ പ്രതികരണം. ഇപ്പോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് ഈ ഒളിംപിക്സ് പ്രൊപ്പോസൽ.