24x7news.org

വയനാട് : ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി.

കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം.

ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്‍റ് ജോസഫ്സ് യു.പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കുള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കോട്ടനാട് യു.പി സ്കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി.എം.എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച്.എസ്, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടിജി.എല്‍.പി.എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്.

കുട്ടികള്‍ക്കാവശ്യമായ കളറിങ് ബുക്കുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ലഭിച്ചത്. കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികളും കുട്ടിയിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

യൂണിസെഫുമായി സഹകരിച്ച് കുട്ടികള്‍ക്കായി ആര്‍ട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *