ഇരുകൈകളും മുകളിലേക്ക് ഉയർത്തി തട്ടിൽ നിന്ന് എസ്തപ്പാൻ ആശാൻ അത് പറയുമ്പോൾ നാടകം കണ്ടുകൊണ്ടിരുന്ന കാണികൾക്ക് അത് അഭിനയവും എസ്തപ്പാനത് ജീവിക്കാനുള്ള കൊതിയും അതിലേറെ മോഹഭംഗങ്ങൾ നിറഞ്ഞ വാക്കുകളുമായിരുന്നു.
ഒപ്പം ചമയം എന്ന സിനിമ കണ്ട കാഴ്ചക്കാരൻ്റെയും ഇടനെഞ്ചിലൊരു ആന്തലും.
‘പഞ്ചാഗ്നി’യിലെ രാജനിൽ തുടങ്ങി ഇങ്ങോട്ട് എണ്ണം പറഞ്ഞ എത്രയെത്ര വേഷങ്ങളെ അനശ്വരമാക്കിയ മുരളി എന്ന നടൻ ഓർമ്മയായിട്ട് ഒന്നര പതിറ്റാണ് തികയുകയാണ്.ശരീരഭാഷകൊണ്ടും ശബ്ദ ഗാഭീര്യം കൊണ്ടും മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ ഇടം നേടിയ നടൻ. നായകനായും പ്രതിനായകനായും വെള്ളിത്തിരയുടെ അമരത്ത് നിറഞ്ഞാടിയ മുരളി.
ഭാവാഭിനയത്തിൻ്റെ മറുവാക്കായിരുന്ന പ്രതിഭ, നാട്യവൈഭവം കൊണ്ടും ബൗദ്ധികനിലവാരം കൊണ്ടും വേറിട്ടുനിന്ന മുരളി..രാഷ്ട്രീയക്കാരനാവുമ്പോൾ അടിമുടി രാഷ്ട്രീയക്കാരൻ, ഡ്രൈവറാകുമ്പോൾ അങ്ങനെ. ആശാരിയും മൂശാരിയും അരയനും ആവുമ്പോൾ അങ്ങനെ.
അത്തരത്തിൽ അഭിനയത്തിന്റെ കൊടുമുടികൾ സഞ്ചരിക്കുകയായിരുന്നു മുരളി. അച്ഛനായും അമ്മാവനായും ജീവിച്ചഭിനയിച്ചപ്പോൾ മുരളി നമ്മുടെ വീട്ടിലെ കാരണവരായി. അത്രമാത്രം കഥാപാത്രത്തിൽ നിന്നിറങ്ങി വന്ന മറ്റൊരു താരം അടുത്തകാലത്തൊന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
സൗന്ദര്യം അരങ്ങുവാണിരുന്ന സിനിമാ മേഖലയിൽ തിളങ്ങാൻ വേണ്ട ശരീര ഭാഷയായിരുന്നില്ല മുരളിക്ക്. പക്ഷേ മലയാളി സൗന്ദര്യ സങ്കൽപ്പത്തിൽ മുരളിയൊരു ഒറ്റയാനാണ്.
ആ ഗാഭീര്യം മറ്റാർക്കും അവകാശപ്പെടാനാകില്ല. മുഖത്തെ കട്ടിമീശയും നെറ്റിയിലെ മുറിപ്പാടും മുരളിയുടെ ഗാംഭീര്യത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു. വളയത്തിൽ ലോറി ഡ്രൈവറായെത്തിയ മുരളിയെ വെല്ലാൻ മറ്റൊരു നടനുണ്ടോ മലയാളത്തിൽ.
വെങ്കല’ത്തിൽ ഓട് വെന്ത് മൂശയിലേക്കൊഴിക്കുന്ന മൂശാരിയുടെ രൂപഭാവങ്ങൾ തന്മയത്തത്തോടെ അവതരിപ്പിക്കാൻ മുരളിയിലൂടെ മാത്രം സാധിക്കുന്ന ഒന്നാണ്. കളിക്കളത്തിലെ പൊലീസുകാരൻ അഭിനയ ദ്വന്ദമെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്. മമ്മൂട്ടിയുടെ കള്ളനെ പൂർണമാക്കുന്നത് മുരളിയിലെ പൊലീസുകാരനാണ്
.മുരളിയുടെ പേരിനൊപ്പം ഭരത് എന്ന പട്ടവും ചേർത്ത സിനിമയാണ് ‘നെയ്ത്തുകാരൻ’. ഇഎംഎസ്സിനെ ഏറെ ആരാധിക്കുന്ന അപ്പ മേസ്തരി എന്ന കഥാപാത്രം മുരളിയുടെ അഭിനയ തികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
2009 മുതലുള്ള 15 വർഷ കാലത്ത് മലയാള സിനിമയിൽ അദ്ദേഹമുണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. മലയാള സിനിമയ്ക്ക് പൊൻതൂവലായ മുരളിയ്ക്ക് ഓർമ്മപ്പൂക്കൾ..