അബുദബി: ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റജവ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്.
പ്രതിമാസം 31,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിന് പിന്നാലെ ആദ്യ കമ്പനിയിൽ നിന്ന് രാജിവെച്ചാണ് യുവതി പുതിയ കമ്പനിയിൽ ജോലിക്കെത്തിയത്.കമ്പനിയുടെ ഓഫർ ലെറ്റർ പ്രകാരം ഓഗസ്റ്റ് ഒന്നിന് ജോയിൻ ചെയ്യണമായിരുന്നു.
നിർദേശപ്രകാരം ഓഗസ്റ്റ് ഒന്നിന് കമ്പനിയിൽ ജോയിൻ ചെയ്യാനെത്തിയ യുവതിയെ അന്നേ ദിവസം തന്നെ പിരിച്ചുവിടുകയായിരുന്നു. കാരണം വിശദീകരിക്കാതൊണ് യുവതിയെ പിരിച്ചുവിട്ടത്. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് യുവതിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.
തൊഴിൽ കരാറിൽ പറഞ്ഞിട്ടുള്ള ബാധ്യതകൾ കമ്പനി നിറവേറ്റാതെയും വിശദീകരണം നൽകാതെയും തന്നെ പിരിച്ചുവിട്ടപ്പോൾ ഞെട്ടിപ്പോയെന്ന് യുവതി കോടതിയെ അറിയിച്ചു. പെട്ടെന്നുള്ള പിരിച്ചുവിടൽ തനിക്ക് സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും തൻ്റെ യശ്ശസിന് ഹാനി വരുത്തിയെന്നും യുവതി പറഞ്ഞു.