ഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയായതിൽ താരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് അഭിമാനമാണ് വിനേഷ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു. വിനേഷ് കൂടുതൽ ശക്തയായി മുന്നോട്ടു പോകും എന്ന് ഉറപ്പുണ്ട്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഈ തീരുമാനത്തെ ശക്തമായി എതിർക്കുമെന്നും വിനേഷിന് നീതി ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. വിനേഷ് ഫോഗട്ടിനെ സാങ്കേതിക കാരണങ്ങളാൽ അയോഗ്യയാക്കിയത് ദൗർഭാഗ്യകരമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
മത്സരത്തിന് 14 മണിക്കൂർ മുൻപാണ് ഭാര പരിശോധന നടത്തുക. സെമി ഫൈനൽ മത്സരത്തിന് പിന്നാലെ താരത്തിന് ശരീര ഭാരം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ട് നീങ്ങിയത്. പതിവ് ഭക്ഷണം പോലും താരം ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ രാവിലെ നടത്തിയ പരിശോധനയിൽ താരത്തിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി .നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്.
പിന്നാലെ യുക്രെയ്ന്‍ താരം ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.