പാരിസ്: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയതിന് പിന്നാലെ അഭ്യർത്ഥനയുമായി ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങ്. വെങ്കല മെഡൽ രാജ്യത്തിന് വേണ്ടിയും ഇന്ത്യൻ ഹോക്കിക്ക് വേണ്ടിയുമുള്ള വലിയ നേട്ടമാണ്.
ഒളിംപിക്സ് വേദി ഓരോ താരങ്ങളുടെയും ക്ഷമയെ പരീക്ഷിക്കും. ഒരുപാട് വെല്ലുവിളികളെ ഇവിടെ നേരിടും. ഈയൊരു നേട്ടത്തിലെത്തുക ഒരിക്കലും എളുപ്പമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.വിജയം നേടാൻ വേണ്ടിയാണ് പാരിസിലേക്ക് എത്തിയത്.
എന്നാൽ ചില സമയങ്ങളിൽ മത്സരഫലങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായില്ല. സ്വർണം നേടുകയായിരുന്നു ലക്ഷ്യം. അത് നേടാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു.
എന്നാൽ ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്തേതുപോലെ തുടർച്ചയായി മെഡലുകൾ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്വർണം നേടുകയെന്ന ലക്ഷ്യം ഇനിയും തുടരും. അതിനായി ഇന്ത്യൻ ഹോക്കിയെ പിന്തുണയ്ക്കുന്നത് തുടരണമെന്നും ഹർമ്മൻപ്രീത് സിങ്ങ് വ്യക്തമാക്കി
.പാരിസ് ഒളിംപിക്സിൽ സ്പെയ്നിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യൻ ജയം. ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിൻ്റെ വകയായിരുന്നു രണ്ട് ഗോളുകളും. മലയാളി താരം പി ആർ ശ്രീജേഷിന്റെ പ്രകടനവും വിജയത്തിൽ നിർണായകമായി. താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരവുമായിരുന്നു ഇത്.