ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളം സിനിമയിലെ ഇരുണ്ട അറകളെ തുറന്നു കാട്ടിയെന്ന് ഗായിക ചിന്മയി ശ്രീപദ. ലൈംഗികാതിക്രമം നേരിട്ട അതിജീവിതരെ മുന്നോട്ട് കൊണ്ടു വരാനും അത് റിപ്പോര്‍ട്ട് ചെയ്യാനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രേരിപ്പിക്കുന്നുവെന്നും ചിന്മയി പറഞ്ഞു.
എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ച സിദ്ദിഖും കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജി വെച്ച രഞ്ജിത്തും മാത്രമല്ല സിനിമാ മേഖലയില്‍ നിന്ന് ലൈംഗികാരോപണം നേരിടുന്നതെന്നും ചിന്മയി പറഞ്ഞു.
ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്നതും ലൈംഗികാതിക്രമം തെളിയിക്കുന്നതുമടക്കം നീതി നേടുന്നതിന് വേണ്ടി നിരവധി വെല്ലുവിളികളാണ് അതിജീവിതമാര്‍ നേരിടുന്നത്.
ഗാനരചയിതാവ് വൈരമുത്തുവിനും നടന് രാധാ രവിക്കുമെതിരെ പീഡന ആരോപണം നടത്തിയതിന് പിന്നാലെ ഡബ്ബിങ്ങില്‍ നിന്ന് നിരോധനം നേരിട്ടതും പിന്നണിഗാന രംഗത്ത് അവസരം കുറഞ്ഞതും ഓര്‍മിപ്പിച്ച് കൊണ്ട് വേഗവും സുതാര്യവുമായ നീതിന്യായ വ്യവസ്ഥ ആവശ്യമാണെന്നും ചിന്മയി പറഞ്ഞു.