തിരുവനന്തപുരം:ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകള്‍.ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം 9 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കില്‍ കൂടി ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറില്‍ യുഎസിലാണ് ആദ്യമായി JN.1 റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, യുകെ, സ്പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളില്‍ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.
JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്കും, വാക്സിനെടുത്തവര്‍ക്കും ഇവ ബാധിക്കാം.
പനി, മൂക്കൊലിപ്പ്, തൊണ്ടയില്‍ കരകരപ്പ്, തലവേദന എന്നിവയാണ് JN.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഉദര പ്രശ്നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലര്‍ക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു

Leave a Reply

Your email address will not be published. Required fields are marked *