കൊട്ടിയം: മുഖത്തല സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ എസ്എഫ്ഐ പ്രവ‍ർത്തകരുടെ അതിക്രമമെന്ന് പരാതി. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എഐഎസ്എഫ് പ്രവർത്തകരായ ശ്രീഹരി, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്.

കൊട്ടിയം എൻഎസ്എസ് കോളേജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നെന്നാണ് സിപിഐയുടെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് 7.30നായിരുന്നു ആക്രമണം നടന്നത്.

പതിനഞ്ചോളം പേരടങ്ങുന്ന സംഘം വടികളും കല്ലുകളുമായി ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി ജനൽ ഗ്ലാസുകളും കസേരകളും അടിച്ചുതകർത്തെന്നാണ് ആരോപണം.

ഈ സമയത്ത് ഓഫീസിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ കൊട്ടിയം, കണ്ണനല്ലൂർ സ്‌റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘമെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സിപിഐ ആരോപിച്ചു.കഴിഞ്ഞ കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് മികച്ച നേട്ടം ഉണ്ടാക്കിയതിൽ പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ നിരന്തരം എഐഎസ്എഫ് പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടാകുമായിരുന്നുവെന്നാണ് പറയുന്നത്.

വിദ്യാർഥികൾക്ക് അംഗത്വം നൽകരുതെന്ന ഭീഷണിയും കോളജിൽ സംഘടന പ്രവർത്തനത്തിന് വിലക്കും എസ്എഫ്ഐ ഏർപ്പെടുത്തിയതായി എഐഎസ്എഫ് നേതാക്കൾ ആരോപിച്ചിരുന്നു. ഈ വിഷയത്തെ തുടർന്നും ഇന്നലെ സംഘർഷമുണ്ടായിരുന്നു.

കോളേജ് മാഗസിൻ എഡിറ്റർ ഹേമന്ദിനെ എസ്എഫ്ഐ പ്രവർത്തകർ മുറിക്കുള്ളിൽ അടച്ചിട്ട്​ മർദ്ദിച്ചു. ഇതിന്‍റെ തുടർച്ചയായാണ് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ ആക്രമണം നടത്തിയത്.

അതിക്രമണത്തിൽ സിപിഐ ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. മുഖത്തലയിൽ സിപിഐ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *