രാഷ്ട്രീയ പശ്ചാത്തത്തലമുള്ള കുടുംബത്തിൽ നിന്നും വീണ്ടുമൊരാൾ കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ്. നേരത്തെ ശരത് പവാറായിരുന്നു ഈ പദവിയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ഏക രാഷ്ട്രീയ പ്രവർത്തകൻ. ശരത്പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ കൂടിയാണ്.
എന്നാൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഐസിസി അധ്യക്ഷൻ ജയ് ഷായ്ക്ക് നേരിട്ടുള്ള രാഷ്ട്രീയ പശ്ചാത്തലമില്ല. പക്ഷെ ജയ് ഷായുടെ വളർച്ചയുടെ പിൻബലം അദ്ദേഹത്തിൻ്റെ പിതാവിൻ്റെ രാഷ്ട്രീയ പശ്ചാത്തലമാണെന്നതിൽ സംശയമില്ല.
17 അംഗ വോട്ടിംഗ് കൗൺസിലാണ് ഐസിസിയുടേത്. അതിൽ 12 വോട്ടുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടേതാണ്. മറ്റ് 5 വോട്ടുകൾ ഭരണനിർവഹണ തലത്തിലുളള ഉദ്യോഗസ്ഥരുടേതും. ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജയ് ഷായുടെ മുൻപിൽ എതിരാളികൾ ആരും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഒരാൾ പോലും എതിർത്ത് വോട്ട് ചെയ്തതുമില്ല.
കാര്യമായ ക്രിക്കറ്റ് പശ്ചാത്തലമൊന്നുമില്ലാതെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെയും ബിസിസിഐയുടെയും തലപ്പത്തെത്തിയ, അവിടെനിന്നും ഐസിസി വരെയെത്തിയ ജയ് ഷായുടെ ചുരുങ്ങിയ കാലത്തെ വലിയ വളർച്ച, രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തിന് എവിടെയും എപ്പോഴും കടന്ന് ചെല്ലാമെന്നതിന്റെ സൂചനകളായി കാണാമെന്നാണ് ഉയർന്നുകേൾക്കുന്ന ഒരു നിരീക്ഷണം.