ബലാത്സംഗ പരാതിയില്‍ മുകേഷിനെതിരെ മുന്നണിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനമുയരുമ്പോഴും മുകേഷിനോട് രാജി ഇപ്പോള്‍ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐഎം. സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ധാരണ. നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിവാക്കാനാണ് തീരുമാനമായിരിക്കുന്നത്.
സമിതി പുനസംഘടിപ്പിക്കുമ്പോഴായിരിക്കും മുകേഷിനെ ഒഴിവാക്കുക. സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് ഈ തീരുമാനം.മുകേഷിന്റെ രാജിയെച്ചൊല്ലി സിപിഐയിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്.
പ്രകാശ് ബാബുവും ആനി രാജയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുകേഷിന് ഒരു നിമിഷം പോലും ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സിപിഐയ്ക്ക് തിരുത്തല്‍ ശക്തിയാകാനാകില്ലെന്ന് തെളിയിക്കുന്നതാണ് സിപിഐഎം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.
രാജി ആവശ്യം കടുപ്പിക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.മുകേഷ് വിഷയം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും