ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു.
ഒക്‌ടോബർ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ ഹമാസ് തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കി. അതിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കൾക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, ഉടൻ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പങ്കിടുക,” സൈന്യം ലഘുലേഖയിൽ പറഞ്ഞു.
“ഇസ്രയേൽ സൈന്യം നിങ്ങൾക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നൽകുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഉറപ്പുനൽകുന്നു, കൂടാതെ നിങ്ങൾക്ക് ഒരു സാമ്പത്തിക പാരിതോഷികം ലഭിക്കും. നിങ്ങൾക്ക് പൂർണ്ണമായ രഹസ്യാത്മകതയും ഞങ്ങൾ ഉറപ്പ് നൽകുന്നു.” ലഘുലേഖ വ്യക്തമാക്കുന്നു.
വിവരങ്ങൾ സഹിതം വിളിക്കേണ്ട ഫോൺ നമ്പറുകൾ ലഘുലേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ഹോസ്‌പിറ്റലിൽ അഭയം പ്രാപിച്ച ആളുകൾ ഇസ്രയേൽ വിമാനങ്ങൾ ലഘുലേഖകൾ പുറത്തേക്കിട്ട ശേഷം അവ ശേഖരിക്കുകയും കീറിയെറിയുകയും ചെയ്യും.
“നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്തോളു, ഞങ്ങൾ കാര്യമാക്കുന്നില്ല. ഗാസയിലുള്ള ഞങ്ങൾ എല്ലാവരും നിങ്ങളോട് പറയുന്നു, ഞങ്ങൾ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചെറുത്തുനിൽക്കുകയാണ്.” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരാമർശിച്ചുകൊണ്ട് ഒരു പലസ്‌തീൻകാരൻ പറഞ്ഞു.
ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഹമാസിനെ തുടച്ചുനീക്കാനും ഉദ്ദേശിച്ചുള്ള കരവഴിയുള്ള അധിനിവേശത്തിന്റെ ഉത്തരവുകൾക്കായി കാത്തിരിക്കുന്ന ഇസ്രയേൽ സൈന്യം ഗാസ മുനമ്പിന്റെ അതിർത്തിക്ക് സമീപം തടിച്ചുകൂടിയിരിക്കുകയാണ്.
വിദേശ പൗരന്മാരുൾപ്പെടെ ബന്ദികളാക്കിയവരെ ഗാസയിലേക്ക് കൊണ്ടുപോയെന്നും എന്നാൽ അവർ എവിടെയാണെന്ന് കൃത്യമായി അറിയാത്തത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കിയെന്നും ഇസ്രയേൽ പറയുന്നു. നേരത്തെ നാല് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.