ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, സിറിയയിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ . ഇന്നലെ സിറിയയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.കടൽ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇന്നലെ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡി എഫ്) ആണ് പ്രസ്താവനയിൽ അറിയിച്ചത്. മുൻപും സിറിയയിലെ രണ്ടു വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്നു സിറിയയുടെ ഡമാസ്കസ് , അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചിരുന്നു. അതേസമയം , ഹമാസിനെതിരെ ഇസ്രയേൽ ബോംബാക്രമണം കടുപ്പിച്ചതോടെ 24 മണിക്കുറിനിടെ ഗാസയിൽ 704 പേർ കൊല്ലപ്പെട്ടു. 18 ദിവസം പിന്നിട്ട യുദ്ധത്തിൽ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. അൽഷാതിയിലെ അഭയാർഥി ക്യാംപിലും റഫാ , ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ജനവാസ ക്രേന്ദങ്ങളിലുമുണ്ടായ ബോംബാക്രമണത്തിൽ മാത്രം 140 പേരാണു കൊല്ലപ്പെട്ടത്. ഗാസയിൽ മരണം 5791 ആയി. ഇതിൽ 2360 പേർ കുട്ടികളാണ്. 96 പേരാണ് വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 1400 പേരാണു കൊല്ലപ്പെട്ടത്.